Historic view of Annavi Saraswathi Temple grounds

History | ചരിത്രം

History of Annavi Kovil

ആലപ്പുഴയുടെ നഗരഹൃദയമായ മുല്ലയ്ക്കലിനോട് ചേർന്ന്, ചന്ദനക്കാവിലാണ് അണ്ണാവി സരസ്വതി കോവിൽ. ഇവിടെ നവരാത്രി പ്രധാന ഉത്സവവും, എഴുത്തിനിരുത്ത് പ്രധാന ചടങ്ങുമാണ്. വർഷംതോറും ധാരാളം കുഞ്ഞുങ്ങൾ വിദ്യാരംഭം കുറിക്കാറുണ്ട്.

ചന്ദനക്കാവിലെ പുരാതനമായ കുടുംബങ്ങളിലൊന്നാണ് അണ്ണാവി വീട്. തമിഴ് പാരമ്പര്യമുള്ള അണ്ണാവിമാർ ; വിദ്യ , പൂജ , ആയുർവേദം , ജ്യോതിഷം , കണക്ക് തുടങ്ങിയവയിലായിരുന്നു വ്യാപരിച്ചിരുന്നത്. അതിനാൽ "ദേവി" അവരുടെ ഭരദേവതയും, "സരസ്വതി" ഉപാസനാമൂർത്തിയും ആയിരുന്നു ഉപാസനാകേന്ദ്രമായി കുടുംബത്തിൽ ഒരു ചെറിയ കോവിലും , കോവിലിനു മുന്നിൽ പണ്ട് വലിയ നടപ്പുരയും പള്ളിക്കൂടം ഉണ്ടായിരുന്നു. നടപ്പുരയിൽ തമിഴ്, മലയാളം , ഗണിതം , കല തുടങ്ങിയവ അഭ്യസിച്ചിരുന്നു. കുടുംബത്തിൽ മുതിർന്ന ആൾക്കാർ ഇതിന് നേതൃത്വം കൊടുത്തിരുന്നു. ഇക്കാരണങ്ങളാൽ നവരാത്രി വളരെ കേമമായി ഇവിടെ ആചരിച്ചിരു ന്നു.

പണ്ടുകാലത്ത് ആലപ്പുഴയിൽ പ്രധാനമായി എഴുത്തിനിരുത്തുന്ന രണ്ടിടങ്ങളിൽ ഒന്ന് അണ്ണാവിമാരുടെ കോവിലും , മറ്റൊന്ന് മുല്ലയ്ക്കൽ ഗുരുപൂജാ മഠവും ആയിരുന്നു. തമിഴ് നാട്ടിൽ നിന്നുള്ള കലാകാരന്മാരുൾപ്പടെ അനവധി ആൾക്കാർ വന്ന് ഉത്സവം കൊണ്ടാടിയിരുന്ന അണ്ണാവി സരസ്വതി കോവിലിൽ , കാലാന്തരത്തിൽ കുടുംബാംഗങ്ങളുടെ ജീവിതവ്യാപാര വ്യതിയാനം , സാമ്പത്തിക പരാധീനത തുടങ്ങിയവ കോവിലിന്റെ സക്രിയതയിൽ കുറവ് വരുത്തി. അങ്ങനെ ഇക്കാലം നവരാത്രി ആഘോഷം ആചാരമായും , പരിമിതമായ രീതിയിലും തുടർന്ന് വരുന്നു. എങ്കിലും , എല്ലാ മതവിശ്വാസികളുമായ കുഞ്ഞുങ്ങളും കുറഞ്ഞത് ഒന്നോ രണ്ടോ പേരെങ്കിലും ഇന്നും എഴുത്തിനിരുത്താൻ വരാറുണ്ട്.

പുരയിടത്തിന്റെ വശത്ത് റോഡ് വികസിച്ചപ്പോൾ പണ്ടുണ്ടായിരുന്ന പടിപ്പുര പോയി. കുടുംബത്തിലേക്കുള്ള വഴികാരണം നടപ്പുരയും പോയി. നടപ്പുരയിൽ തടിയലമാരയിലുണ്ടായിരുന്ന അനവധി താളിയോലഗ്രന്ഥങ്ങൾ അവഗണനകാരണം ചിതലെടുത്തുപോയി. കാരണവന്മാർ പൂജ ചെയ്തിരുന്ന പാരമ്പര്യം ; പൂജാവിധികൾ അറിയാമായിരുന്ന അവസാനത്തെ അണ്ണാവിമാരുടെ ചെല്ലപ്പണ്ണാവി , ഗോപാലണ്ണാവി നിര്യാണത്തോട് കൂടി അന്യവുമായി. ചരിത്രത്തിലേക്ക് കൂടുതലും , വർത്തമാനത്തിൽ പരിമിതവുമെന്ന നിലയിലുള്ള പ്രവർത്തനം അങ്ങനെ കാലാന്തരത്തിൽ കോവിലിന്റെ സ്വന്തമായി.